നീല പൊന്മാൻ - ആമുഖം

 

നിശ്ചലമാവാതിരുന്നത്.. 

സുനിൽ കോടതി ഫൈസൽ 

2003 മാർച്ച് 9 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്ന എന്റെ  ഒരു കഥയെക്കുറിച്ച് മലയാളം വാരികയിലെ സാഹിത്യ വാരഫലത്തിൽ പ്രൊഫ.എം.കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടതിങ്ങനെയാണ് :

"സുനിൽ കെ ഫൈസൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ 'ആരവമൊടുങ്ങുന്നു' എന്ന കഥ ദീർഘതകൊണ്ട് ഒരിക്കലും മരിക്കാത്ത രോഗിയെപ്പോലെയാണെന്ന് എനിക്ക് തോന്നി. ഒരാഫീസിലെ ജീർണ്ണതയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇക്കഥ സംക്ഷേപണത്തിന്റെ ചാരുത പ്രദർശിപ്പിച്ചെങ്കിൽ അനുവാചകർ സസന്തോഷം ഇതു അംഗീകരിക്കുമായിരുന്നു. കഥാകാരനു നർമ്മബോധമുണ്ട്. ഔചിത്യം മാത്രമില്ല. കഥ വായിച്ച് ഞാൻ 'ഇതു തീരാറായോ , തീരാറായോ എന്ന ആകാംക്ഷയോടു കൂടി , ക്ഷമയില്ലായ്മയോടു കൂടി വാരികയുടെ പുറങ്ങൾ മറിച്ചു നോക്കി. Small is beautiful എന്നതു സാമ്പത്തിക ശാസ്ത്രത്തിനു മാത്രം ചേരുന്ന തത്വമല്ല. പ്രദർശനത്തിന് സെക്രട്ടേറിയറ്റ് ബിൽഡിംങ് പ്ലാസ്റ്റിക്കിൽ രൂപം നൽകി വയ്ക്കാറുണ്ട്. ആ കൊച്ചുരൂപം സാക്ഷാൽ സെക്രട്ടേറിയറ്റ് ബിൽഡിംങ്ങിനെക്കാൾ ആളുകളിൽ കൗതുകം വളർത്തും. പി.കുഞ്ഞിരാമൻ നായർ കവിതകൾക്കു ഇന്നുള്ള ദീർഘത വരുത്താതിരുന്നെങ്കിൽ അദ്ദേഹം ആരുടെയും ആരാധനം നേടുമായിരുന്നു.  ദൈർഘ്യം കൊണ്ട് കഥയെ വിരൂപമാക്കികളഞ്ഞു സുനിൽ കെ ഫൈസൽ "

വർഷങ്ങൾക്കു ശേഷം 2021 മാർച്ച് 16 ന് രാത്രി എട്ടു മണിയോടെയാണ് തിരുവനന്തപുരം
നഗരറോഡിൽ വിയർത്തു കുളിച്ച് തളർന്നു വീണത്. മൂന്നാം നിലയിലെ റൂമിൽ നിന്നും അപകടാവസ്ഥ തിരിച്ചറിഞ്ഞ് ഓടിയിറങ്ങുകയായിരുന്നു. സ്റ്റെപ്പിനരികെ ആദ്യം കണ്ട വ്യക്തിയോട് "എനിക്ക് തീരെ വയ്യ , ഒന്ന്  ജനറൽ ആശുപത്രിയിലാക്കുമോ ?" എന്നു കെഞ്ചി. അയാൾ ഒട്ടും പരിഗണിക്കാതെ മുഖം തിരിച്ചു നടന്നു പോയി. സ്‌റ്റെപ്പുകൾ ഓടിയിറങ്ങി താഴെയെത്തിയപ്പോൾ കാൽ കുഴഞ്ഞു വീണത് ഒരു പോലീസുകാരന്റെയും ഒരു  വിദ്യാർത്ഥിയുടെയും മുൻപിലായിരുന്നു. രണ്ടു പേരും ചേർന്ന് എന്നെ തിരുവനന്തപുരം ഗവ: ജനറൽ ആശുപത്രിയിലെത്തിച്ചു. മാലാഖകളായി മുൻപിൽ കണ്ട നഴ്‌സുമാർ  ഒരു പിടി ഗുളികകൾ കഴിപ്പിച്ചതും , ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് കുതിക്കുന്നതും , സ്ട്രെച്ചർ വരാന്തയിലൂടെ നീക്കുന്നതും മങ്ങലുള്ള കാഴ്ചയായി ഓർമ്മയിലുണ്ട്. തിരുവനന്തപുരത്തെ പ്രിയപ്പെട്ടവർ, സഹപ്രവർത്തകരൊക്കെ വിവരമറിഞ്ഞ് ഓടിയെത്തികൊണ്ടിരുന്നു. പലരും എനിക്കു സഹായവുമായെത്തി. തുണയായി നിന്ന എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. ഹൃദയത്തിലുണ്ട് ഓരോരുത്തരോടുമുള്ള സ്നേഹം. ആൻജിയോഗ്രാമിൽ വലിയ ബ്ലോക്കായിരുന്നു. തടസ്സം നീങ്ങാൻ രണ്ടു സ്റ്റെന്റ് അന്നു രാത്രി 11 മണിക്കു മുമ്പേ സ്ഥാപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരോടും നേഴ്സുമാരോടും ജീവനക്കാരോടും കടപ്പാടുണ്ട്, നന്ദിയും..

റൂമിൽ നിന്നും ഓടിയിറങ്ങുന്നതിന് മുമ്പ് , നെഞ്ചു തടവി കട്ടിലിൽ കിടന്നപ്പോൾ രാത്രി വിശ്രമിച്ച്, പിറ്റേന്ന് അവധിയെടുത്ത് ആശുപത്രിയിൽ പോയി ചെക്കപ്പ് നടത്താം എന്ന് ഞാൻ ചിന്തിച്ചതാണ്. വിയർപ്പ് അമിതമായി, ഇടതു കൈ വേദന അനുഭവപ്പെട്ടപ്പോഴാണ് ലക്ഷണക്കേട് തോന്നി ഓടിയിറങ്ങിയത്. നല്ല ധൈര്യം തോന്നിയിരുന്നു. ഒട്ടും ഭയമുണ്ടായിരുന്നില്ല. കാറിലും ആംബുലൻസിലും ആശുപത്രിയിലേക്കുള്ള യാത്രാ വഴിയിലും ഇപ്പോൾ ജീവിതം നിലച്ചു പോകുമെന്ന ചിന്തയോ ഭയപ്പാടോ എനിക്കൊട്ടും ഉണ്ടായിരുന്നില്ല.

ഒരു നാൾ എല്ലാം നിശ്ചലമാകുമെന്ന ചിന്തയിൽ തന്നെയാണ് ജീവിക്കുന്നത്. അതിനൊപ്പം എഴുതാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നിട്ടും എഴുതാതിരുന്നത് ആശയം ഇല്ലാത്തതു കൊണ്ടല്ല. മടിയനായതു കൊണ്ട് മാത്രം !. നോട്ടു പുസ്തകങ്ങളിലും ഡയറിയിലുമൊക്കെയായി എഴുതിയ കുറിപ്പുകളിൽ കുഞ്ഞു കഥകളുണ്ടായിരുന്നു. അതിൽ ചിലതൊക്കെ ആനുകാലികങ്ങളിലും ഓൺലൈനിലും പ്രസിദ്ധീകരിച്ചവയാണ്. കഥ എഴുതി വരുമ്പോൾ പലപ്പോഴും നീളം കൂടുമ്പോൾ സാഹിത്യ വാരഫലത്തിലെ "ദീർഘത നിന്ദ്യം " എന്ന തലക്കെട്ട് ഓർമ വരും . എഴുതി വെച്ചിടത്തോളം തുണ്ടം തുണ്ടമായി ചീന്തിയെറിയും...

ജീവിതം തുടർന്നൊഴുകിയപ്പോൾ , വയനാട്ടിലെ വീട്ടിൽ വിശ്രമിക്കുമ്പോഴാണ്  പഴയ ഡയറികളും കുറിപ്പുകളുള്ള നോട്ടു പുസ്തകങ്ങളും പൊടി തട്ടി മറിച്ചു നോക്കിയത്. അവയൊക്കെ സമാഹരിച്ച് തുന്നിക്കെട്ടാൻ ഗ്രാൻമ പബ്ലിക്കേഷൻസിന്റെ സജീവൻ മാണിക്കോത്ത്  നിർബന്ധിച്ചതുകൊണ്ടാണിത് പുസ്തകമായത്. പ്രസിദ്ധീകരണത്തിന് അനുമതി നൽകിയ കേരള ബാങ്ക് മാനേജ്മെന്റിന് നന്ദി. ആമുഖക്കുറിപ്പെഴുതി തന്ന കല്യായണിയുടെയും ദാക്ഷായണിയുടെയും കഥ പറഞ്ഞ പ്രിയ മിത്രം ആർ.രാജശ്രീ, പുസ്തകം രൂപകൽപ്പന ചെയ്ത ശ്രീ. ദിലീപ് നവദം , കവർ ചിത്രം തയ്യാറാക്കിയ ശ്രീ സലിം റഹ്മാൻ , കഥകൾക്കൊപ്പം ചേർത്തു വെക്കാൻ ചിത്രങ്ങൾ വരച്ചു തന്ന ശ്രീ .കരുണാകരൻ പേരാമ്പ്ര, ഇതൾ നദി എഡിറ്റർ ശ്രീ.സതീഷ് കെ.സതീഷ്, പ്രസാധകനും പ്രിയ സുഹൃത്തുമായ ശ്രീ.സജീവൻ മാണിക്കോത്ത്  ,   എന്നിവരോടെല്ലാമുള്ള സ്നേഹവും നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ.

എന്റെ സ്ക്കൂൾ കോളേജ് കാലത്തെയും, പ്രണയകാലത്തെയും കോവിഡ് കാലത്തെയുമെല്ലാം രചനകൾ "നിലച്ചുപോയ എഴുത്തുകളിലുണ്ട്.  അതുകൊണ്ട് കാലം തെറ്റിയ രചനകളും ഉള്ളടക്കത്തിൽ ഉണ്ടാവാം. ദൈർഘ്യം കുറഞ്ഞതാണെങ്കിലും വായനയിൽ അലോസരം തോന്നുന്നുവെങ്കിൽ സദയം ക്ഷമിക്കുക.

സ്നേഹത്തോടെ,

സുനിൽ കോടതി ഫൈസൽ
9961077070
sunilkodathifaizal@gmail.com

...............................................................................

നീലപൊന്മാൻ വി പി പി യായി തപാലിൽ ലഭിക്കാൻ വിലാസവും പിൻകോഡും ഫോൺനമ്പറും 9074452521  വാട്സാപ്പ് നമ്പറിൽ  അയക്കുക.

9074452521 നമ്പറിൽ  GooglePay/ PhonePay/ PayTM ചെയ്ത് വിലാസം പിൻകോഡ്        സഹിതം 9074452521 നമ്പറിൽ വാട്‍സ്ആപ്പ്  ചെയ്താലും മതി.

............................................................................... 








Comments

Popular posts from this blog

നീല പൊന്മാൻ - മുൻ കവർ ചിത്രം

നീലപൊന്മാൻ - പ്രകാശന ചടങ്ങ് - 07 -02 -2023 ചെന്നൈ

ഗ്രാന്മ ബുക്സ് പ്രസാധകരെക്കുറിച്ച്