നീല പൊന്മാൻ - അവതാരിക - ആർ.രാജശ്രീ
ജീവിതത്തിലൂടെയുള്ള ഏകാന്തസഞ്ചാരം.
- ആർ.രാജശ്രീ
ചെറുകഥയെന്നല്ല ഏത് സാഹിത്യ ഗണത്തെക്കുറിച്ചു മുള്ള കാഴ്ചപ്പാടുകളും ലോകമെമ്പാടും മാറിമറിയുന്നുണ്ട്. നമ്മുടെ അനുശീലനത്തിൻ്റെയും രുചികളുടെയും പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് ഓരോന്നിനെയും നാം വിലയിരുത്തിയിട്ടുള്ളത് എന്നു കാണാം. ചെറുകഥയ്ക്കും നോവലിനും കവിതയ്ക്കുമൊക്കെ ലക്ഷണ നിർണ്ണയങ്ങളും നിർവചനങ്ങളുമുണ്ടാകുന്നത് അങ്ങനെയാണ്. അത്തരം ചിട്ടകൾ പാലിക്കപ്പെടാതെ വരുമ്പോഴുണ്ടാകുന്ന ഭാവുകത്വപരമായ അസ്വസ്ഥതകൾ ഏറ്റവുമധികം വെളിപ്പെട്ടിട്ടുള്ളത് കവിതയിലാണെന്നു പറയാം. നിരന്തരം പരീക്ഷണങ്ങൾ നടക്കുകയും തീവ്രമായി പരിഷ്ക്കരിക്കപ്പെടുകയും ചെയ്യുകയെന്നത് കവിതയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ പ്രക്രിയയായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിസ്സാരമായ സംഭവാഖ്യാനങ്ങൾ മുതൽ പത്രവാർത്തയും വിലവിവരപ്പട്ടികയും വരെ കവിതയിൽ ഇടം പിടിക്കുകയും അവ പിൻപറ്റുന്ന പ്രത്യയശാസ്ത്രങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു.
കഥയെ സംബന്ധിച്ചിടത്തോളം ഇതത്ര എളുപ്പമുള്ള ഒന്നല്ല. അതിൻ്റെ രൂപത്തെപ്പറ്റിയും ഭാവ ഭദ്രതയെപ്പറ്റിയുമുള്ള ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ഗണപരമായ ചിട്ടവട്ടങ്ങളിൽ നിന്നു മാറി നടക്കുന്ന കഥകൾക്കും ഈ ഇടത്തിൽ സ്ഥാനമുണ്ട്. ഗദ്യകവിതകളോടും നുറുങ്ങുകഥകളോടും അടുത്തു നില്ക്കുന്ന കഥകളാണ് സുനിൽ കെ ഫൈസലിൻ്റേത്. അവയിൽ പലതും പങ്കുവയ്ക്കുന്ന ഭാവുകത്വം ഒരു പക്ഷേ സമകാല ചെറുകഥ യോട് അകലം പാലിക്കുന്നുണ്ടാവാം. മനുഷ്യർ അവരുടെ നൈസർഗിക ജീവിതത്തിൽ നിന്നു ബലമായി അകറ്റി നിർത്തപ്പെടുന്നതിൻ്റെ വേവലാതികളാണ് സുനിലിൻ്റെ കഥകളുടെ അന്തർധാര. അവയിലേറെയും ഒരു പരിധി വരെ ദാർശനിക മോ കാല്പനിക മോ ആയ വേവലാതികളാണ്. എന്നാൽ പാൻഡമിക്ക് കാലത്തിൻ്റെ വരവോടെ അവ ജീവിതത്തിൻ്റെ സത്യസന്ധമായ ആഖ്യാനങ്ങൾ കൂടിയാവുന്ന കാഴ്ച ഈ സമാഹാരത്തിലുണ്ട്. മനുഷ്യൻ്റെ ഭയപ്പെടുത്തുന്ന ഭാവന യാഥാർത്ഥ്യമായി പരിണമിക്കുന്ന കാഴ്ചകളാണ് ആ കഥകൾ പങ്കു വയ്ക്കുന്നത്. ഒരു ജാതി ഒരു ജീവിതം, ഹണിമൂൺ കോട്ടേജ്, കൊതിതീരാത്ത ജീവിതം എന്നിവ ഉദാഹരണം.
അതിപരിചയം കൊണ്ട് ദാമ്പത്യത്തിലുണ്ടാകുന്ന മടുപ്പിനെക്കുറിച്ച് നിരവധി ആഖ്യാനങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതിനെത്തന്നെ കോവിഡ് സാഹചര്യത്തിലേക്ക് മാറ്റി സ്ഥാപിക്കുന്ന കഥയാണ് പുതു യാത്ര.ഉഭയസമ്മതപ്രകാരം വേർപിരിഞ്ഞ ദമ്പതികൾ കോവിഡ് കാലത്ത് വീണ്ടും ഒന്നിക്കുന്നതാണ് കഥയുടെ പ്രമേയം. പക്ഷേ മുഖം മൂടികളില്ലാതിരുന്നതുകൊണ്ടാണ് അന്നവർക്ക് പിരിയേണ്ടിവന്നത്. ഒരേ കിടക്കയിൽ അകലം പാലിച്ച് കിടക്കേണ്ടി വന്നത് അവരുടെ ദാമ്പത്യത്തെ പ്രശ്നഭരിതമാക്കിയിരിക്കാം. കോവിഡ് കാലത്ത് മുഖംമൂടികളും അകലം പാലിക്കലും ഏറ്റവും സ്വാഭാവികമായി സ്വീകരിക്കപ്പെട്ടു.അതോടെ നേരത്തെ അസ്വാഭാവികമായും അസുഖകരമായും കരുതിയിരുന്നതൊക്കെ അത്തരത്തിലല്ലാതായി. മനുഷ്യാവസ്ഥകൾ അപ്രവചനീയമാണ്. അവരുടെ ബന്ധങ്ങളും അപ്രകാരം തന്നെ. മനുഷ്യർ പാരസ്പര്യത്തിൻ്റെ വിലയറിഞ്ഞ ഒരു കെടുകാലത്തെ ഈ കഥ നേർത്ത ചിരിയോടെ രേഖപ്പെടുത്തുന്നു. കോ വിഡ് കാല കഥകൾ ഒരു പ്രത്യേക വിഭാഗമായി ഈ സമാഹാരത്തിലുണ്ട്.
കഥകൾ അനായാസമായി പറഞ്ഞു പോകുന്ന രീതിയാണ് സുനിലിൻ്റേത്.അതിവൈകാരികതയോ ചിന്താവിപ്ലവങ്ങളോ ഇല്ല എന്നത് മറ്റൊരു സവിശേഷതയാണ്. അനന്തുവിനെ കേന്ദ്രകഥാപാത്രമാക്കിയിട്ടുള് ള കഥകൾ ഇതിലുണ്ട്. പരിമിതവിഭവ രും ചിന്താ കുലരും പരാജിതരുമായ നായക കഥാപാത്രങ്ങൾക്ക് അനന്തു എന്ന് പേരു നല്കിയിട്ടുണ്ട്. അനന്തുവിൻ്റെ യാത്ര, ചിന്ത, ജീവിതം
എന്ന് അവ സമാഹരിച്ചിരിക്കുന്നു. ഇതിലെ മിക്കവാറും കഥകൾ നുറുങ്ങുകഥകളുമാണ്. ഒരേ സമയം ഇവ മനുഷ്യരുടെ ആന്തരിക ജീവിതത്തെയും ബാഹ്യ ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നുണ്ട്. നവ സാങ്കേതിക വിദ്യ മനുഷ്യനുണ്ടാക്കുന്ന രണ്ടു വിധത്തിലുള്ള പരിണാമത്തെയും അഭിസംബോധന ചെയ്യുന്ന കഥയാണ് നിരാശ.വെറും പത്തു വാക്യങ്ങളാണ് കഥയിലുള്ളത്. ഒരവയവം കേടായി റിപ്പയറിംഗിനായി ടൗണിലേക്ക് പോകുന്നയാളുടെ ചിത്രം ഇതിലുണ്ട്.
"പരിശോധിച്ചയാൾ പറഞ്ഞു: സെല്ലു മൊത്തം വീക്കാണ് , മാറ്റണം. പുതിയ ബാറ്ററി വാങ്ങി ചാർജ് ചെയ്യാൻ കറൻ്റിൽ
കുത്തിവച്ചപ്പോൾ അയാൾ ഉന്മേഷവാനായി. ഫോണിന് ജീവൻ വച്ചപ്പോൾ കടുത്ത നിരാശയോടെ ആദ്യത്തെ കോൾ എത്തി... നിങ്ങൾ ചത്തില്ല അല്ലേ?."
അയാളുടെ ഒരവയവത്തിൻ്റെ പ്രവർത്തനം നിലച്ചുവെന്നു തുടങ്ങുന്ന കഥ, കഥാപാത്രവും മൊബൈൽ ഫോണും തമ്മിലുള്ള അഭേദകല്പന കൊണ്ട് ശ്രദ്ധേയമാണ്.
ആഖ്യാനത്തിൽ പുലർത്തുന്ന നിർമ്മമത സുനിലിൻ്റെ മിക്ക കഥകളിലും കാണാം. അതു് കഥയെ ചലനമറ്റതാക്കുകയല്ല, വേഗത്തിലുള്ള ഒഴുക്ക് തടഞ്ഞു നിർത്തി ജീവിതത്തെ ഞൊടിനേരം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഛായാപടം എന്ന കഥയിൽ,മകൻ പണിത പുതിയ കൊട്ടാരം കണ്ട് ആനന്ദിക്കുന്ന വൃദ്ധമാതാപിതാക്കൾ അതിൻ്റെ വരാന്തയിലൊരു ചാരു കസേരയും അകത്തെ മുറിയിൽ ഉയരം കുറഞ്ഞ ഒരു കട്ടിലും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ചിതൽ കയറാതിരിക്കാൻ ആൾപ്പെരുമാറ്റമുണ്ടാവാനായി മകൻ അവരെ പഴയ തറവാട്ടിൽത്തന്നെ താമസിപ്പിക്കുന്നു.
" അപ്പനെയും അമ്മയെയും ഉള്ളിൽ നിന്നു പറിച്ചു കളയാൻ മാത്രം മകൻ ക്രൂരനായിരുന്നില്ല. അവരുടെ വേർപാടിനു ശേഷം കൊട്ടാരത്തിൻ്റെ അകത്തളത്തിൽ എല്ലാവരുടെയും കണ്ണുപതിയുന്നിടത്ത് അവനൊരു ഓർമ്മച്ചിത്രം സ്ഥാപിച്ചു. ലോകമറിയുന്ന ഒരു ചിത്രകാരനാണ് അതുവരച്ചത്. വലിയൊരു തുക അതിനായി ചെലവഴിച്ചു. തങ്ങളുടെ കൊട്ടാരത്തിൻ്റെ ചുവരിൽ തൂക്കാൻ മാത്രം നിലവാരം മാതാപിതാക്കളുടെ ഛായാപടത്തിനും ഉണ്ടാവണമല്ലോ."
ഇതേ സ്വഭാവം നിലനിർത്തുന്ന കഥകളാണ് കൂടുമാറ്റം, അതിഥി, വരൾച്ച, പ്രലോഭനം തുടങ്ങിയവ.
കവിതകളുടെയും പ്രവചനങ്ങളുടെയും പത്രവാർത്തകളുടെയും ഡയറിക്കുറിപ്പുകളുടെയും ഓർമ്മകളുടെയും രൂപത്തിലുള്ള കഥകൾ ചെറുകഥയെന്ന സാഹിത്യഗണത്തിൻ്റെ രൂപത്തെപ്പറ്റിയുള്ള കഥാകൃത്തിൻ്റെ തുറന്ന സമീപനം വ്യക്തമാക്കുന്നവയാണ്. എന്നാൽ പരമ്പരാഗത ശൈലിയിലുള്ള കഥപറച്ചിലിൻ്റെ മുറുക്കം അനുഭവപ്പെടുത്തുന്ന കഥയാണ് ജീവവായു.നാട്യങ്ങളില്ലാത്ത ലളിത ഭാഷയിൽ അനായാസമായി പറഞ്ഞു പോകുന്ന കഥയാണിത്. അച്ഛൻ്റെ മരണാനന്തരകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയ്ക്ക് മകൻ അച്ഛൻ്റെ ഓഫായ ഫോൺ രണ്ടു മണിക്കൂർ ചാർജ് ചെയ്യുന്നു. സംസ്കാരം പിറ്റേന്നു പുലർച്ചെ നടത്താമെന്നുറച്ച് എല്ലാവരും താൽക്കാലികമായി പിരിഞ്ഞു പോയിരിക്കയാണ്. ഫോൺ ഓണായതോടെ അച്ഛൻ ജീവനിട്ടെഴുന്നേറ്റു. നടന്നതൊന്നും അച്ഛനറിയരുതെന്നു മകനുണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഒളോർ മാവ് വെട്ടിയിരിക്കുന്നു. അതിനു ചോദ്യം വന്നാൽ എന്തു ചെയ്യുമെന്ന സംഘർഷത്തിൽ , ഒരുക്കി വച്ച വിറകു കൊണ്ട് എൻ്റെ ശവദാഹം ഭംഗിയായി നടക്കട്ടെ എന്നു മകൻ തീരുമാനിക്കുകയാണ്.
മനുഷ്യാനുഭവങ്ങളുടെ വിവിധ കോണുകളിൽ നിന്നുള്ള കാഴ്‌ചകളാണ് ഈ സമാഹാരത്തിലെ കഥകൾ. ഇതിലെ മനുഷ്യർ പലകാലത്തിൽ പലതായി പരിണമിക്കുന്നുണ്ട്. ചിലപ്പോൾ ഒറ്റയൊന്നായി രൂപപ്പെടുന്നതും കാണാം.അനന്തുവെന്ന ഒറ്റ മനുഷ്യൻ നിരവധി മനുഷ്യരെ പ്രതിനിധീകരിക്കുന്നുണ്ട്. ചില കഥകളുടെ ഏകതാനമായ സ്വഭാവം ചിലപ്പോഴെങ്കിലും വായനയെ ബാധിച്ചേക്കാമെങ്കിലും ഏകാന്ത സഞ്ചാരിയായ ഒരാളുടെ ജീവിതത്തെ അവ പല നിലകളിൽ അടയാളപ്പെടുത്തുന്നു.
ആർ.രാജശ്രീ
.......................................................................
നീലപൊന്മാൻ വി പി പി യായി തപാലിൽ ലഭിക്കാൻ വിലാസവും പിൻകോഡും ഫോൺനമ്പറും 9074452521 വാട്സാപ്പ് നമ്പറിൽ അയക്കുക.
9074452521 നമ്പറിൽ GooglePay/ PhonePay/ PayTM ചെയ്ത് വിലാസം പിൻകോഡ് സഹിതം 9074452521 നമ്പറിൽ വാട്‍സ്ആപ്പ് ചെയ്താലും മതി.
.......................................................................

Comments
Post a Comment