നീല പൊന്മാൻ - വായനക്കാരുടെ പ്രതികരണങ്ങൾ
സുനിലിൻ്റെ കഥാപുസ്തകം.
- സനിൽ പ്രകൃതി
സുനിലിൻ്റെ കൊച്ചു കഥകളുടെ സമാഹാരമാണ്, നീല പൊന്മാൻ. അനായാസം വായിച്ചുപോകാവുന്ന കഥകളാണിത്. അപ്രതീക്ഷിത വൈരൂദ്ധ്യങ്ങളെയും അഭിമുഖീകരിക്കേണ്ട ചില ചോദ്യങ്ങളേയും വായനക്കാരൻ്റെ മുമ്പിലേക്ക് നിസ്സംഗമായി എടുത്തു വയ്ക്കുകയാണ് സുനിൽ.
സുനിൽ ഉള്ളിലെ താല്പര്യത്തെ അടക്കിപ്പിടിച്ച് പുറത്തു കാണിക്കാതെ കഥ അവതരിപ്പിക്കുകയാണെങ്കിലും ചില കഥകളെങ്കിലും അവശേഷിപ്പിക്കുന്നത്, ആഴത്തിലുള്ള മുറിവുകളാണ്. വിവാഹം എന്ന കഥ അത്രമേൽ ലളിതമായി വായിച്ചു മടക്കിവയ്ക്കാൻ കഴിയുമോ എന്നു സംശയമുണ്ട്. വിളിച്ചു കൂവലോ ?ഇതു കൂടി കേൾക്കണമെന്ന അഭ്യർത്ഥനയോ കഥകളിലില്ല എന്നത്, പുതിയൊരു ഭാവുകത്വം നിർമ്മിക്കാനുള്ള ഒരന്വേഷണമായി തോന്നുന്നു.
പൊന്മ എന്ന കഥയിലാവട്ടെ, കഥപൂർണമായും ഒരു രൂപകമായി പരിണമിക്കുന്നു. ഒരു വരിയോ ഒരു പദമോ പോലും അടർത്തിമാറ്റാൻ കഴിയാത്ത വിധം കഥ ലക്ഷ്യത്തിലേക്കു തറച്ചു കയറുന്ന ഒരസ്ത്രമാവുന്നു." ഒരുപാടു പൂത്തുലഞ്ഞിട്ടും മനുഷ്യ ജന്മത്തോടുള്ള ആസക്തി ഒരു ജന്മം കൊണ്ടു തന്നെ കെട്ടുപോയ ജീവിതമായിരുന്നു അവരുടേത്. ഒരു പാട് തീ തിന്നിട്ടുണ്ട് ".... ആ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്, കാലം ആ പൂമരച്ചില്ലയിൽ പക്ഷികളെക്കൊണ്ട് കൂടൊരുക്കി. മുട്ടയിട്ട് പക്ഷികൾ മാറി മാറി അടയിരുന്നു.ഒരു പുലരിയിലാണ് മുട്ട വിരിഞ്ഞ്, ആ കൂട്ടിൽ നിന്നും ഒരു പൊന്മ പറന്നുയർന്നത്. എല്ലാ അർത്ഥത്തിലുമുള്ള സ്വാതന്ത്ര്യത്തിൻ്റെ ഒരു വെൺചിറക് ഉള്ളിലൊതുക്കിയ ജീവിതത്തിൻ്റെ കഥയാണത്.
സർഗ്ഗവേദനയുടെ പ്രശ്നമാണ് വാർപ്പു പ്രതിമകൾ എന്ന കഥ സംസാരിക്കുന്നത്. കലാകാരൻ അനുഭവിക്കുന്ന മൗലികമായ ഒരു സമസ്യയുടെ ആവിഷ്കാരമാണിത്.ആത്യന്തികമായി ചിത്രകാരൻ ഒരു ചിത്രമേ വരയ്ക്കുന്നുള്ളൂ എന്നു പറയാറുണ്ട്. പക്ഷെ, നിരന്തരം വരച്ചിടുന്ന ആയിരക്കണക്കിനു ചിത്രങ്ങളിലൂടെ മൗലികമായ തൻ്റെ ചിത്രത്തെ തിരയുകയായിരുന്നു അയാൾ.
ഈ കഥകളിലെ നിർമമത എടുത്തു പറയേണ്ടതു തന്നെയാണ്." വീടിൻ്റെ സ്വീകരണമുറിയിൽ തൂക്കണമെന്ന് ആഗ്രഹിച്ച ചിത്രം അയാൾ അവൾക്കു സമ്മാനിച്ചു. അവൾ വീടിൻ്റെ പടി കടന്ന് പോയപ്പോൾ ഇടം നെഞ്ച് സ്പർശിച്ച ചിത്രകാരന് വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു. അവൾ തൻ്റെ ഹൃദയവും പറിച്ചെടുത്തതായി ചിത്രകാരനു തോന്നി "
ഇനിയുള്ള സഞ്ചാരപാതയിൽ, ഏകാന്ത നടത്തങ്ങളിൽ ഒരു കാലൊച്ച കേട്ടും തിരിഞ്ഞു നോക്കാൻ ഇടവരരുത് ... ( മൂക്കുകയർ)
വരൾച്ച എന്ന കഥ വറ്റിപോകുന്ന കാരുണ്യത്തിൻ്റെയോ സഹജീവി സ്നേഹത്തിൻ്റെയോ നീരുറവയെ ആഴത്തിൽ ഓർമിപ്പിക്കുന്നു.: അവകാശം സ്ഥാപിച്ചയാൾ നാലഞ്ചു കോൽ കൂടി താഴ്ത്തി നോക്കിയിട്ടും വെള്ളം കണ്ടില്ല. ആ കിണറ്റിലെ നീരുറവ എങ്ങോ വലിഞ്ഞു പോയിരുന്നു. ഇതു പോലെ, ഉറവ വറ്റിപ്പോയ ജീവിതത്തിൻ്റെ കിണറുകൾ നമ്മൾ കാണുന്നുണ്ടല്ലോ?
എടുത്തു പറയേണ്ട കുറേയധികം കഥകകളുണ്ട്.സുനിലിൻ്റെ പുസ്തകം വ്യത്യസ്തമായ വായന ആഗ്രഹിക്കുന്നവർ തേടിയെത്തും. ഭാവുകങ്ങൾ നേരുന്നു.
(സനിൽ പ്രകൃതി )
...............................................................................
നീലപൊന്മാൻ വി പി പി യായി തപാലിൽ ലഭിക്കാൻ വിലാസവും പിൻകോഡും ഫോൺനമ്പറും 9074452521 വാട്സാപ്പ് നമ്പറിൽ അയക്കുക.
9074452521 നമ്പറിൽ GooglePay/ PhonePay/ PayTM ചെയ്ത് വിലാസം പിൻകോഡ് സഹിതം 9074452521 നമ്പറിൽ വാട്‍സ്ആപ്പ് ചെയ്താലും മതി.
...............................................................................
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsanil.prakrithi.1%2Fposts%2Fpfbid0uFaBgX7dUTPc6RzP1qZif1i712iaNqKrqkgE6AQ1qQc7bHdT7n4jThjRX3TjqYXFl&show_text=true&width=500" width="500" height="789" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>

Comments
Post a Comment